Am not for sale!

ഉമ്മറത്തിരുന്നു ബ്ലോഗിലേക്കുള്ള പുതിയ എഴുത്തിലാർന്നു. ഒട്ടും പ്ലാൻ ചെയ്യാതെ പോയ ഒരു കോയമ്പത്തൂർ യാത്രയാണ് വിഷയം. എഴുതി വന്നു ഞാൻ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ എത്തിനില്ക്കുമ്പോളാണ് അത് സംഭവിച്ചത്. ഉമ്മറത്ത് അമ്മയോട് വർത്താനം പറഞ്ഞിരുന്ന ഒരു ചേച്ചി പെട്ടന്നൊരു ചോദ്യം

” നീതുനെ കൊടുക്കുന്നുണ്ടോ “??

ഞാൻ എഴുത്ത് നിർത്തി.

ഇതു ഞാൻ എവിടെയോ കേട്ടിട്ടുണ്ട്.

” ചേച്ചി പഴയ സാധനങ്ങൾ കൊടുക്കാനുണ്ടോ?? “…യെസ് , അതുതന്നെ. !!!

വിൽക്കുക… വിൽപ്പനചരക്ക്… ചരക്ക്…. കച്ചവടം….

അങ്ങനെ ഒരൊറ്റ സെക്കന്റിൽ വെറുപ്പിന്റെ അങ്ങേയറ്റത്തുനിന്നു ഇങ്ങേയറ്റം വരെ ഞാൻ പ്രകാശവേഗത്തിൽ സഞ്ചരിച്ചു.

നാട്ടുനടപ്പനുസരിച്ച് അമ്മ മറുപടി നൽകി ( പഠിപ്പ് കഴിഞ്ഞിട്ട് )

ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരിച്ചു പോന്നു. ഡയറി മടക്കി വെച്ചു കുറച്ചു നേരം ഇരുന്നു. ചേച്ചി പോയശേഷം ഞാൻ അമ്മയോട് പറഞ്ഞു

” അമ്മാ പഠിപ്പ് കഴിഞ്ഞിട്ടല്ല…. ജോലി കിട്ടീട്ട്….പഠിപ്പ് കഴിയാനാണെങ്കിൽ പിന്നെന്തിന് പഠിക്കണം?? “

അമ്മ ചിരിച്ചു.

ഒരുപാട് ചിത്രങ്ങൾ മനസ്സിലൂടെ കടന്നുപോയി. സ്കൂളിലെ സ്റ്റേജുകൾ, പ്രസംഗമത്സര വേദികൾ, UKG മുതൽ വാങ്ങിയ ക്ലാസ്സ്‌ ഫസ്റ്റ് ട്രോഫികൾ, കോളേജിലെ തണൽ മരങ്ങൾ, സമരം വിളിച്ചു നടന്ന വരാന്തകൾ, കേറിയിറങ്ങിയ മലകൾ, പൊട്ടിച്ചിരിപ്പിച്ച സുഹൃത്തുക്കൾ, ക്യാമറ, യാത്രകൾ, പ്രണയം, ഒപ്പം ഒരുപാട് കുട്ടികൾക്ക് മുന്നിൽ നിന്ന് ക്ലാസ്സ്‌ എടുക്കുന്ന ഞാൻ….

എന്റെ അച്ഛനും അമ്മേം എന്നെ വിൽക്കാൻ വെച്ചിട്ടില്ല. എന്റെ സ്വപ്നങ്ങളെ ഞാനും.

Published by neethuaruvi

I am most afraid of being ordinary

4 thoughts on “Am not for sale!

Leave a comment

Design a site like this with WordPress.com
Get started