Am not for sale!

ഉമ്മറത്തിരുന്നു ബ്ലോഗിലേക്കുള്ള പുതിയ എഴുത്തിലാർന്നു. ഒട്ടും പ്ലാൻ ചെയ്യാതെ പോയ ഒരു കോയമ്പത്തൂർ യാത്രയാണ് വിഷയം. എഴുതി വന്നു ഞാൻ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ എത്തിനില്ക്കുമ്പോളാണ് അത് സംഭവിച്ചത്. ഉമ്മറത്ത് അമ്മയോട് വർത്താനം പറഞ്ഞിരുന്ന ഒരു ചേച്ചി പെട്ടന്നൊരു ചോദ്യം

” നീതുനെ കൊടുക്കുന്നുണ്ടോ “??

ഞാൻ എഴുത്ത് നിർത്തി.

ഇതു ഞാൻ എവിടെയോ കേട്ടിട്ടുണ്ട്.

” ചേച്ചി പഴയ സാധനങ്ങൾ കൊടുക്കാനുണ്ടോ?? “…യെസ് , അതുതന്നെ. !!!

വിൽക്കുക… വിൽപ്പനചരക്ക്… ചരക്ക്…. കച്ചവടം….

അങ്ങനെ ഒരൊറ്റ സെക്കന്റിൽ വെറുപ്പിന്റെ അങ്ങേയറ്റത്തുനിന്നു ഇങ്ങേയറ്റം വരെ ഞാൻ പ്രകാശവേഗത്തിൽ സഞ്ചരിച്ചു.

നാട്ടുനടപ്പനുസരിച്ച് അമ്മ മറുപടി നൽകി ( പഠിപ്പ് കഴിഞ്ഞിട്ട് )

ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരിച്ചു പോന്നു. ഡയറി മടക്കി വെച്ചു കുറച്ചു നേരം ഇരുന്നു. ചേച്ചി പോയശേഷം ഞാൻ അമ്മയോട് പറഞ്ഞു

” അമ്മാ പഠിപ്പ് കഴിഞ്ഞിട്ടല്ല…. ജോലി കിട്ടീട്ട്….പഠിപ്പ് കഴിയാനാണെങ്കിൽ പിന്നെന്തിന് പഠിക്കണം?? “

അമ്മ ചിരിച്ചു.

ഒരുപാട് ചിത്രങ്ങൾ മനസ്സിലൂടെ കടന്നുപോയി. സ്കൂളിലെ സ്റ്റേജുകൾ, പ്രസംഗമത്സര വേദികൾ, UKG മുതൽ വാങ്ങിയ ക്ലാസ്സ്‌ ഫസ്റ്റ് ട്രോഫികൾ, കോളേജിലെ തണൽ മരങ്ങൾ, സമരം വിളിച്ചു നടന്ന വരാന്തകൾ, കേറിയിറങ്ങിയ മലകൾ, പൊട്ടിച്ചിരിപ്പിച്ച സുഹൃത്തുക്കൾ, ക്യാമറ, യാത്രകൾ, പ്രണയം, ഒപ്പം ഒരുപാട് കുട്ടികൾക്ക് മുന്നിൽ നിന്ന് ക്ലാസ്സ്‌ എടുക്കുന്ന ഞാൻ….

എന്റെ അച്ഛനും അമ്മേം എന്നെ വിൽക്കാൻ വെച്ചിട്ടില്ല. എന്റെ സ്വപ്നങ്ങളെ ഞാനും.

ഏകജാലകം

പത്താം ക്ലാസ്സിലെ റിസൾട്ട്‌ വന്നിരിക്കുന്നു.
ഇതു വരെയുള്ള പോലെയല്ല
ഇനി നമുക്ക് എല്ലാ വിഷയങ്ങളും അവീൽ പരുവത്തിൽ പഠിക്കേണ്ടതില്ല. പപ്പടം വേണ്ടവർക്ക് അത് മാത്രം വാങ്ങാം. അല്ല ഇനി കാളൻ ആണ് വേണ്ടതെങ്കിൽ അതും കിട്ടും. ഇതൊന്നും വേണ്ട കൂട്ടികഴിക്കാൻ കൂട്ട്കറി മാത്രം മതിയെങ്കിൽ അതും കിട്ടും.
പക്ഷെ മിക്കവാറും നമ്മുടെ പ്ലസവൺ പ്രവേശനം അവീൽ പരുവം ആണ്. കൊറച്ചു ട്രെൻഡ്കൾ നോക്കാം.

 1. A+ ന്റെ എണ്ണം അനുസരിച്ചാണ് ഗ്രൂപ്പുകൾ നിശ്ചയിക്കുന്നത്. അതിന്റെ Hierarchy ഇപ്രകാരം :
  6 മുതൽ 10 A+ വരെ കിട്ടിയവർ – സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്
  3 മുതൽ 7 A+ വരെ കിട്ടിയവർ : കോമേഴ്‌സ്
  കാര്യമായി A + ഒന്നും കിട്ടാത്തവർ : ഹ്യൂമാനിറ്റിസ്.( ഇതിൽ പെടാത്തവർ ഉണ്ട്. വിരലിൽ എണ്ണാവുന്നവർ മാത്രം )
 2. അഭിമാനപ്രശ്നം :
  കുട്ടികൾ എടുക്കുന്ന ഗ്രൂപ്പുകൾ കുടുംബത്തിന്റെ അഭിമാനപ്രശ്നമാണ്. അതിനാൽ Hierarchy യിൽ മുന്നിൽ നിൽക്കുന്ന സയൻസ് ഗ്രൂപ്പിനോടാണ് പൊതുവെ അഭിമാനികൾക്ക് പ്രിയം.

കോമേഴ്‌സ് നു ഒരു മീഡിയം അഭിമാനം ഉണ്ട്

ഹ്യൂമാനിറ്റിസ് പാവം…. അഭിമാനം എന്ന കാറ്റഗറി വിട്ടു അപമാനം ആയി Marginalized ചെയ്യപ്പെടുന്നു.

 1. അയൽക്കാരൻ എഫക്ട് : അപ്പുറത്തെ ബാലന്റെ മോള് സയൻസാ… ഇയ്യും സയൻസ് പഠിച്ച മതി. അല്ലെങ്കി ഇനി ഓർടെ മോത്ത് ങ്ങനെ നോക്കും….

ഈ എഫക്ട് മലയാളികളുടെ എല്ലാ പ്രവൃത്തിയിലേയും പൊതു ഘടകം ആണ്.

 1. കമ്പ്യൂട്ടർ സെന്ററിലെ അല്ലെങ്കിൽ അക്ഷയയിലെ ചേട്ടൻ / ചേച്ചി എഫക്ട് :
  ഇതൊരു തമാശയുള്ള എഫക്ട് ആണ്. റിസൾട്ട്‌ വന്നാൽ ഏകജാലകം അപേക്ഷിക്കാനുള്ള പോക്ക്. അതൊന്നു കാണണം. പൂരത്തിന് പോയ കാണാൻ പറ്റില്ല ഇങ്ങനെ ആൾക്കാരെ.
  മിക്കവാറും സമ്പൂർണ്ണ പരിചയസമ്പന്നരായ കമ്പ്യൂട്ടർ സെന്ററിലെ ചേച്ചി /ചേട്ടൻ തിരക്ക് കാരണം ഒരു 10 ഓപ്ഷൻ അതിയായ വിനയത്തോടെ ആദ്യം തന്നെ സെലക്ട്‌ ചെയ്തു വെക്കുന്നു, എന്നിട്ട് എല്ലാരും ഇങ്ങനൊക്കെ കൊടുത്തെ ഇതു പോരെ എന്നൊരു ചോദ്യം. തിരക്കും ബഹളവും കാരണം ഒന്ന് കണ്ണോടിച്ചു ആ മതി ചേട്ടാ എന്നൊരു ഉത്തരം.

ഇതൊക്കെയാണ് ചുരുക്കത്തിൽ നമ്മുടെ ഏകജാലകം.

ഇനി ഇതൊന്നും അല്ലാത്ത ട്രെൻഡ്കൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ്‌ ബോക്സിൽ ചേർക്കാം.( ഒരു സ്കോപ്പ് എഫക്ട് കൂടെ ഉണ്ട്. പക്ഷെ അതിനെക്കുറിച്ചു ഒരു ഡീറ്റൈൽഡ് ക്ലാസ്സ്‌ തന്നെ വേണ്ടി വരും. )

ഈ കടമ്പകൾ എല്ലാം കടന്നു വന്ന ഒരു വിദ്യാർത്ഥി എന്ന നിലക്ക്, എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങൾ പറയാം :

 • മുകളിൽ പറഞ്ഞ നാല് ട്രെൻഡ്കൾക്കനുസരിച്ചു പ്ലസ് വൺ പ്രവേശനത്തിനു പോവാതിരിക്കുക
 • ആദ്യം തന്നെ നിങ്ങളുടെ താല്പര്യം എന്തിലെന്നു മനസ്സിലാക്കുക. ഓരോ വിഷയത്തിനും അതിന്റെതായ പ്രധാന്യം ഉണ്ട്. നിങ്ങൾക്ക് ചരിത്രവും ഭൂമിശാസ്ത്രവും ആണ് താല്പര്യമുള്ള വിഷയമെങ്കിൽ സയൻസ്നു പിന്നാലെ പോവാതിരിക്കുക. ബിസിനസ്സ് ആണ് ഇഷ്ടമെങ്കിൽ കോമേഴ്‌സ് എടുക്കാം. അല്ല ശാസ്ത്രവിഷയങ്ങളിൽ ആണ് താല്പര്യം എങ്കിൽ സയൻസ് എടുക്കാം.
  ആദ്യം വേണ്ടത് നിങ്ങളുടെ interest സ്വയം മനസ്സിലാക്കുക എന്നതാണ്.
  ഓരോ ഗ്രൂപ്പ്‌നെ കുറിച്ചും നിങ്ങൾക്ക് അറിവില്ലെങ്കിൽ, പരിചയമുള്ള ചേച്ചിയോടോ ചേട്ടനോടോ അല്ലെങ്കിൽ നിങ്ങളുടെ അധ്യാപകരോടോ അതതു വിഷയങ്ങളെ പറ്റി ചോദിച്ചു മനസിലാക്കുക.
 • രക്ഷിതാക്കളോ അല്ലെങ്കിൽ കുടുംബക്കാരോ പറയുന്നതല്ല… നിങ്ങളുടെ താല്പര്യമാണ് പ്രധാനം.
 • താല്പര്യമുള്ള ഗ്രുപ്പുകൾ ഏതൊക്കെ സ്കൂളുകളിൽ ഉണ്ടെന്നു മനസ്സിലാക്കി നിങ്ങളുടേതായ ഒരു ലിസ്റ്റ് ആദ്യമേ തയ്യാറാക്കി വെക്കുക.
 • സയൻസിൽ തന്നെ കമ്പ്യൂട്ടർ സയൻസ്, ബയോളജി സയൻസ് എന്നിങ്ങനെ ഒരുപാടു വേർതിരിവുണ്ട്( പത്തോളം ഗ്രുപ്പുകൾ സയൻസ് വിഷയത്തിൽ ഉണ്ടെന്നു കരുതുന്നു.)കോമേഴ്‌സ് ആണങ്കിൽ കമ്പ്യൂട്ടർ കോമേഴ്‌സ്, മാത്‍സ് കോമേഴ്‌സ് എന്ന് തുടങ്ങി വേറെയും ഒരുപാടു കോമ്പിനേഷൻ ഉണ്ട്. ഓരോ സ്കൂളുകളിലും വ്യത്യാസം ഉണ്ടായിരിക്കും. മാത്‍സ് പഠിക്കാൻ ഇഷ്ടമില്ലാതെ കോമേഴ്‌സ് എടുത്തു കിട്ടിയത് മാത്‍സ് കോമേഴ്‌സ്. തീർന്നു….. !!!!

ഓരോ സ്കൂളുകളും പ്രധാനവിഷയങ്ങൾക്ക് പുറമെ നൽകുന്ന കോംപ്ലി മെന്ററി വിഷയങ്ങൾ ഏതൊക്കെയെന്നു അന്വേഷിച്ചു കണ്ടെത്തുക.

ഹയർ സെക്കന്ററിയിൽ വൊക്കേഷണൽ എന്ന തരാതിരിവും ഉണ്ട്. സാധാരണ ഹയർ സെക്കന്ററിയിൽ നിന്നും വ്യത്യസ്തമായി തൊഴിൽ അധിഷ്ഠിതമാണ് ഈ കോഴ്സുകൾ.

ഇതൊന്നുമല്ലാതെ പോളിടെക്‌നിക്, ITI തുടങ്ങി നിരവധി കോഴ്സുകൾ ഉണ്ട്. ( നിരവധി ഉപയോഗപ്രദമായ യൂട്യൂബ് വീഡിയോകൾ ലഭ്യമാണ്. അവ കണ്ടാൽ ഇതിനെക്കുറിച്ചു കൂടുതൽ ധാരണ വരും. )

 • രക്ഷിതാക്കളോട് :
  കുട്ടികളുടെ താൽപര്യം ചോദിച്ചു അറിയുക. ഗ്രൂപ്പുകളെകുറിച്ച് കുറിച്ച് മനസ്സിലാക്കാൻ അവരെ സഹായിക്കുക.
  മറ്റു കുട്ടികളുമായി അവരെ താരതമ്യപ്പെടുത്താതിരിക്കുക. നിങ്ങളുടെ താൽപര്യം അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. അവർ അവർക്കിഷ്‌ട്ടമുള്ള വിഷയം പഠിക്കട്ടെ. സ്ഥലത്തെ പ്രധാന ദിവ്യത്തി എന്ന നിലയിൽ എന്നോട് വിളിച്ച് ചോദിക്കുന്ന രക്ഷിതാക്കളോട് ഞാൻ ഒന്നേ പറയാറുള്ളു. ഏത് വിഷയം എടുക്കണം എന്ന് ആദ്യം സ്വന്തം മക്കളോടാണ് ചോദിക്കേണ്ടത്. ആ കുട്ടിയെ പറ്റി യാതൊരു ധാരണയുമില്ലാത്ത ഞാൻ എങ്ങനെ ഒരു ഗ്രൂപ്പ്‌ നിർദ്ദേശിക്കും??
 • സ്കൂളുകളോട് :
  ഒൻപതാം ക്ലാസിനേക്കാൾ ഒരിത്തിരി അധികം പഠിക്കാനുണ്ട്, പരീക്ഷ പൊതുപരീക്ഷയാണ് എന്നതൊഴിച്ച് SSLC പരീക്ഷക്ക് ഒരു അമാനുഷിക പരിവേഷം നൽകാതിരിക്കുക.
  മാസാമാസം പരീക്ഷകളുടെ കൂമ്പാരം ഇട്ടുകൊടുത്തു സ്ട്രെസ് കൂട്ടുന്നതിന് പകരമായി…. ഇത് വെല്യേ പണിയുള്ള പണിയൊന്നുമല്ല എന്ന രീതിയാണ് നല്ലത്.

ഹയർ സെക്കന്ററി ഉള്ള സ്കൂളുകൾ ആണെങ്കിൽ.. 10 ലെ കുട്ടികൾക്ക് അവസാനമാസങ്ങളിൽ ഗ്രൂപ്പുകളെകുറിച്ച് ഒരു ക്ലാസ്സ്‌ കൊടുക്കാം. ഹയർ സെക്കന്ററിയിലെ വിദ്യാർത്ഥികളോ അല്ലെങ്കിൽ അധ്യാപകർ തന്നെയോ ഇതിനു നേതൃത്വം വഹിക്കാം.

A+ കളും സമ്പൂർണ്ണ വിജയവും ഒരു ഫുൾ സ്റ്റോപ്പ്‌ അല്ല, അടുത്ത പടിയിലേക്ക് കൃത്യമായ ലക്ഷ്യത്തോടെ കുട്ടികൾ എത്തുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പുവരുത്തുക.

 • സംഘടനകളോടും ക്ലബ്ബ്കളോടും :
  A+ അഭിനന്ദനങ്ങൾ അനിവാര്യമാണ്. അതിന്റെ കൂടെ തന്നെ നാട്ടിലെ കുട്ടികളെ വിളിച്ചു ചേർത്തു അടുത്ത പടിയിലേക്കു കടക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നിങ്ങൾക്ക് കൊടുക്കാം.A+ കിട്ടിയവർ മാത്രമല്ല, പരീക്ഷയെഴുതിയവർ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. തോറ്റു പോയവർ ഉണ്ടെങ്കിൽ അവരെ കൈപിടിച്ചു കൂടെ നിർത്തുക. ജയിക്കാനായി സഹായിക്കാം. സെ പരീക്ഷക്ക് വേണ്ടി വേണ്ട സഹായങ്ങൾ ചെയ്യാം.

ഇത്ര ലാഘവത്തോടെ പറഞ്ഞു തീർക്കേണ്ട ഒരു വിഷയം അല്ല ഇത്. ഒരു സുഹൃത്ത്‌മായി (Sreejith V Unni) നടത്തിയ ചർച്ചയിൽ ഉയർന്നു വന്ന ഒരു പ്രധാനപെട്ട നിർദ്ദേശം APTITUDE ടെസ്റ്റ്‌കളെ കുറിച്ചാണ്. സ്റ്റേറ്റ് പ്ലാനിങ് ബോർഡ്‌ സംഘടിപ്പിക്കുന്ന പിജി വിദ്യാർത്ഥികൾക്കായുള്ള ഇന്റെർഷിപ് ൽ ഈ വിഷയങ്ങൾ ഞാൻ ഒരു റിസർച്ച് പ്രൊപോസൽ ആയി അയച്ചിട്ടുണ്ട്. അതിലും കൂടുതലായി അതിഗൗരവത്തോടെ കാണേണ്ട ഒരു വിഷയത്തെ എന്ത് കൊണ്ട് ആരും ഇന്നേവരെ ഉയർത്തികൊണ്ട് വരുന്നില്ലെന്ന് അതിശയിക്കുന്നു.ഈ എഴുതിയതിനേക്കാൾ അശ്രദ്ധമായി അത്രയും ലാഘവത്തോടെ അലസമായി തന്നെയാണ് ഏകജാലകം ഇവിടെ നടന്നുപോകുന്നത്. തെറ്റായി എടുക്കുന്ന തീരുമാനങ്ങൾ കാരണം എവിടെയും എത്താതെ പോവുന്ന കഴിവുള്ള കുട്ടികൾ ഒരുപാടാണ് ( നമ്മളെ കുറിച്ച് നമുക്ക് തന്നെ പറയാം. )!!!

കല്ല്യാണകോഴ്സ്

പഴയ കൂട്ടുകാരും കല്യാണവീട്ടിലെ അമ്മായിമാരും അമ്മച്ചിമാരും എല്ലാം സ്ഥിരം ചോദിക്കുന്ന രണ്ട് ചോദ്യങ്ങൾ ഉണ്ട്

1. എന്താ ചെയ്യുന്നേ ഇപ്പൊ? പഠിപ്പൊക്കെ കഴിഞ്ഞോ??

ലെ ഞാൻ : ഇല്ലാ… ഞാൻ PG ചെയ്യാണ്.

2. അപ്പൊ ഇനിയെന്താ ചെയ്യണേ… കല്യാണം അല്ലെ???

ലെ ഞാൻ : ( വെറുതെ ചിരിക്കുന്നു )

എന്നിട്ട് ആലോചിക്കുന്നു

” PG.. അഥവാ പോസ്റ്റ്‌ ഗ്രാജുവേഷൻ… അതു കഴിഞ്ഞ നമ്മടെ നാട്ടിലെ പെൺകുട്ടികൾ പഠിക്കുന്ന അടുത്ത കോഴ്സ് ആണോ കല്യാണം????? ”
അങ്ങനെ ആണെന്നാ തോന്നുന്നേ!!!!!!!!!

ആ വഴിക്ക് പോവുമ്പോൾ :

* യോഗ്യത : പ്ലസ് ടു കഴിഞ്ഞും, ഡിഗ്രി കഴിഞ്ഞും പിജി കഴിഞ്ഞും കോഴ്സ് നു ചേരാം. പക്ഷെ നിങ്ങളെ തിരഞ്ഞെടുക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ അതനുസരിച്ചു ഉള്ളതായിരിക്കും. ( ഗവണ്മെന്റ് ജോലി മുഖ്യം ബിഗിലെ…… )

*വയസ്സ് : 18 നും 23 നും ഇടയിൽ ( എല്ലാത്തിനും ഓരോ പ്രായം ക്കെ ണ്ടേയ് )

* എങ്ങനെ അപേക്ഷിക്കാം : പല വഴികളും ഉണ്ട്. ഏറ്റവും സുതാര്യവും അംഗീകൃതവുമായ വഴി മാട്രിമോണി ആണ്‌. നിങ്ങൾ കാസ്റ്റ് ബേസ്ഡ് ആണെങ്കിൽ പ്രസ്തുത സൈറ്റ് ൽ പോയി അപേക്ഷ നൽകാം. ഉദാ : നായർ മാട്രിമോണി, ഈഴവ മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി etc.

*കോഴ്സ് കാലയളവ് : അതു നിങ്ങളുടെ കയ്യിലിരുപ്പും തലേലിരുപ്പും നാട്ടുകാരുടെയും ബന്ധുമിത്രാതികളുടെയും വായെലിരിപ്പും അനുസരിച്ച്.

*ഡോക്യുമെന്റ് വെരിഫിക്കേഷൻ : നിങ്ങൾ ഹിന്ദു സമുദായം അല്ലെങ്കിൽ നിങ്ങൾക്ക് ഇളവുകളുണ്ട് . പ്രസ്തുത ഡോക്യൂമെന്റസ് ( ജാതകം ) പ്രസ്തുത അതൊറിറ്റി ( ജ്യോൽസ്യൻ ) വെരിഫൈ ചെയ്യുന്നതാണ്.
നിങ്ങൾ ചൊവ്വദോഷം, ശുദ്ധജാതകം തുടങ്ങിയ പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുന്ന ആൾകാർ ആണെങ്കിൽ നിങ്ങളുടെ സെലെക്ഷൻ അതി ദാരുണം ആയിരിക്കും.

*കോഴ്സ് അഡ്മിഷൻ : നിങ്ങൾ അച്ഛനും അമ്മയും കുടുംബത്തിനും നാട്ടുകാർക്കും ഒപ്പം ആണ്‌ അഡ്മിഷനു വരേണ്ടത്.

കോഴ്സ് അഡ്മിഷൻ സമയത്തു ഇൻസ്റ്റിറ്റ്യൂഷന്റെ ഭാവിവികസനത്തിന്റെ ഭാഗമായി നിങ്ങൾക്ക് സംഭാവന നൽകാവുന്നതാണ് ( സ്ത്രീധനം എന്ന് പ്രാകൃതമായവർ വിളിക്കുന്നു)

*സിലബസ് : സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള Useful Production ആണ്‌ കോഴ്സ് വഴി ലക്ഷ്യം ഇടുന്നത്.
* Mankind species Continuation
* Preservation of inherited family status
* Participation in other realted courses

എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്

*പ്രൊജക്റ്റ്‌ വർക്ക്‌ :
നിങ്ങൾ കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ നിങ്ങൾ ഒരു പ്രൊജക്റ്റ്‌ ചെയ്യേണ്ടത് അത്യാവശ്യമാണ്.Mankind species continuation മേഖലക്ക് ഒരു സംഭാവനയെന്നോണം നിങ്ങൾക്ക് യൂസ്ഫുൾ പ്രൊഡ്യൂസർ ആയി മാറാം.

*ഇൻഡസ്ട്രിയൽ വിസിറ്റ് :കോഴ്സ് തുടങ്ങുന്ന ആദ്യദിനങ്ങളിൽ നിങ്ങൾക്ക് ഇൻഡസ്ട്രിയൽ വിസിറ്റ് ഉണ്ടായിരിക്കും. ( വിത്ത്‌ ഫുഡ്‌ ആൻഡ് അക്കോമൊടെഷൻ) (പ്രാകൃതഭാഷയിൽ വിരുന്ന്, രണ്ടാംവരവ് എന്നൊക്കെ പറയും )

*ഇന്സ്ടിട്യൂഷൻ ഐഡി : ഇതു വളരെ നിർബന്ധമായ കാര്യമാണ്. നിങ്ങൾ വരുന്ന കമ്മ്യുണിറ്റിക്ക് അനുസരിച് ഐഡി യിൽ മാറ്റങ്ങൾ ഉണ്ടാവാം. നിങ്ങൾ പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സ് നു ചേർന്നുവെന്നും ഇനി വേറെ ഇൻസ്റ്റിറ്റ്യൂട്ട്കാർ സമീപിക്കേണ്ടതില്ലെന്നും നിങ്ങൾക്ക് ഈ ഐഡി വഴി തെളിയിക്കാം. താലി, സിന്ദൂരം, മഹർ തുടങ്ങിയവ ഉദാഹരണം. ഐഡി ഇല്ലാതെ കോഴ്സ് ചെയ്യുകയാണെങ്കിൽ പ്രസ്തുത മൂല്യനിർണ്ണയസമിതി നിങ്ങളെ തക്കതായ പിഴയടപ്പിക്കുന്നന്നതാണ്.

*സ്കോളർഷിപ് : നിങ്ങളെ തിരഞ്ഞെടുക്കുന്ന ഇൻസ്റ്റിറ്റ്യൂഷന്റെ സ്വഭാവം അനുസരിച് നിങ്ങൾ സ്കോളർഷിപ്നു വിദേയരാണ്. വേറെ കോഴ്സ്കൾ( കല്യാണകോഴ്സ് ഒഴികെ ) പഠിക്കാൻ നിങ്ങൾക്ക് പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ട്ന്റെ അനുമതി ഉണ്ടെങ്കിൽ സ്കോളർഷിപ്പോടെ അവയിൽ ചേരാം.( പ്രാകൃതം : കല്യാണം കഴിഞ്ഞാലും പഠിക്കാലോ !)

*ഇന്സ്ടിട്യൂഷൻ ക്വാറന്റൈൻ : ഇതര കോഴ്സ്കളിൽ താല്പര്യമില്ലാത്തവരാണ് നിങ്ങൾ എങ്കിൽ , ഇൻഡസ്ട്രിയൽ വിസിറ്റ് ഒഴികെയുള്ള സമയത്തു നിങ്ങൾ ഇന്സ്ടിട്യൂഷൻ ക്വാറന്റൈൻനു വിദേയരാണ്.

*മൂല്യനിർണ്ണയം, സർട്ടിഫിക്കറ്റ് : ഇതു നിങ്ങളുടെ പെർഫോമൻസ് അനുസരിച് സമയാസമയം കിട്ടികൊണ്ടിരിക്കും. ( ബന്ധുക്കൾ, കൂട്ടുകാർ, നാട്ടുകാർ എന്നിവരടങ്ങിയ അതിവിപുലമായ സമിതിയാണ് മൂല്യനിർണ്ണയം നടത്തിപോരുന്നത്.)

*കൊഴിഞ്ഞുപോക്ക് : ഇൻസ്റ്റിറ്റ്യൂഷനുകൾ തനിക്ക് പറ്റിയതല്ലെന്ന് തോന്നിയാൽ നിങ്ങൾക്ക് നിയമപരമായും അല്ലാതെയും കൊഴിഞ്ഞുപോക്ക് അനുവദനീയമാണ്.കൊറച്ചു സമയം പിടിക്കും മാത്രം.
കൊഴിഞ്ഞു പോക്കിന് മുന്പും ശേഷവും നിങ്ങൾക്ക് മൂല്യനിർണ്ണയ സമിതി വക കൗൺസിലിംഗ് ക്ലാസുകൾ ഉണ്ടായിരിക്കും.

*നിയമലംഘനം : നിയമപരമായി രജിസ്റ്റർ ചെയ്യാതെയും ഡോക്യുമെന്റ് വെരിഫിക്കേഷൻ ഇല്ലാതെയും ചിലർ ഈ കോഴ്സ് ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് മൂല്യനിർണ്ണയസമിതിയുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണു ഇതെന്ന് മനസ്സിലാക്കുക.

A+ കഥ

പണ്ടൊക്കെ sslc റിസൾട്ട്‌ വന്നാ” ജയിച്ചോ “എന്നാണ് ചോദ്യം.

ഇന്നിപ്പോ ജയിക്കാൻ വെല്യേ പണി ഇല്ല..
അപ്പൊ ചോദ്യം ഇതാണ്..
” എത്ര A+ ഉണ്ട്?? “

ഫുൾ A+ ആണെങ്കി പിന്നെ പറയണ്ട… ഒരു രണ്ട് മാസം ട്രോഫി വാങ്ങാൻ നടക്കാം (അനുഭവം ഗുരു…. അന്ന് വാങ്ങി വെച്ച ട്രോഫികൾ ഉമ്മറത്തെ ഷെൽഫിൽ ഇരുന്നു എന്നെ കൊഞ്ഞനം കുത്താറുണ്ട് )

അപ്പൊ ഈ A+ ഇല്ലാത്തൊരോ????????

ആര് നോക്കാൻ ലെ..

A+ ട്രോഫി വിതരണം ഇന്നൊരു ട്രെൻഡ് ആണ്.

എന്നാ ഒരു കാര്യം പറയട്ടെ…
A+ ൽ വെല്യേ കാര്യം ഒന്നുല്ല്യ.

തെളിയിക്കാം.

A + ന്റെ പെരുമഴ തീർത്ത്‌ പലവട്ടം നാടിന്റെ അഭിമാനം ആയി പ്ലസ് ടു കഴിഞ്ഞു കോളേജിൽ ചേർന്ന കാലം. പ്രായപൂർത്തി ആയി. ലൈസെൻസ് ഇല്ലാതെ വണ്ടി തരില്ലെന്ന് പറഞ്ഞു അച്ഛൻ മാതൃകയായി.
ഇതൊക്കെ എന്ത് എന്ന മട്ടിൽ കൊടുത്തു ലൈസൻസിന്. അങ്ങനെ കാത്തിരുന്ന മൊമെന്റ് വന്നു. ലേണിങ്ന്റെ ദിവസം. ഡ്രൈവിംഗ് സ്കൂളിന്ന് തന്ന ഇത്തിരിപോന്ന ബുക്കിലെ എല്ലാം വള്ളിപുള്ളി തെറ്റാതെ പഠിച്ചു പോയി.

അവിടെയാണ് ട്വിസ്റ്റ്‌.

ലേണിങ് പൊട്ടി.

ആകെ 20 ചോദ്യത്തിൽ 14 എണ്ണം ശരിയായ മതി.

10 ലു ഫുൾ A+, പ്ലസ് ടു നു ഫുൾ A+….

ആ ഞാൻ

ഈ ജാതി എല്ലാരും ജയിക്കണ ഒരു പരീക്ഷേലു തോറ്റു പോലും…

അതാണ്‌ ആദ്യത്തെ തോൽവി.

തോൽക്കാൻ നമ്മൾ പഠിച്ചിട്ടില്ല, ചെറിയ പ്രായത്തിൽ തന്നെ കേൾക്കുന്നത് A+ കളുടെ കഥയാണ്. നന്നായി പഠിച്ചു പരീക്ഷയിൽ നല്ല മാർക് വാങ്ങണം എന്നല്ലാതെ, പഠിച്ചതെല്ലാം മനസ്സിലാക്കി ജീവിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്നില്ല. പഠനത്തിൽ ഒരു ചിട്ടയായ ക്രമം വരാനായി കൊണ്ടുവന്ന നമ്മുടെ സിലബസുകൾ, അതൊന്നു വിലയിരുത്താൻ കൊണ്ടുവന്ന പരീക്ഷകൾ, സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭിക്കാൻ അർഹതയുള്ള മറ്റെല്ലാത്തിനെയും മറികടന്നുകൊണ്ട് ഇന്നീ സിലബസും പരീക്ഷകളും മാത്രം മുന്നിട്ട് നിൽക്കുന്നു. കുട്ടികൾ പുസ്തകങ്ങളിലേക്കും പരീക്ഷകളിലേക്കും ചുരുങ്ങിപോകുന്നു.

പാഠപുസ്തകമല്ലാത്ത വായനകൾ അപൂർവ്വം. അതല്ലാതെയുള്ള ചർച്ചകൾ വിരളം. പൊതുകാര്യങ്ങൾ അവർക്ക് അന്യമാണ്.

എന്തുകൊണ്ടാണ് ഗ്രെറ്റ തുൻബർഗിനെ പോലെ പൊതുബോധമുള്ള, പൊതുഇടങ്ങളിൽ തന്റെ ശബ്ദം ഉയർത്താൻ ധൈര്യമുള്ള കുട്ടികൾ ഇവിടെ ഉണ്ടാവുന്നില്ല??????

അവർ അകപ്പെട്ടു പോയതാണ്. പാഠപുസ്തകം, പരീക്ഷകൾ, ക്ലാസ്സ്‌മുറികളിൽ ഒതുങ്ങുന്ന അധ്യയനദിനങ്ങൾ, ഒഴിവുദിവസങ്ങളിലെ ട്യൂഷൻ, ഗ്രാമർ ക്ലാസുകൾ, കമ്പ്യൂട്ടർ ക്ലാസുകൾ…. ഇതിനിടയിൽ തന്റെ ചുറ്റും നടക്കുന്നതിനെ കുറിച്ച് അവർക്ക് ചിന്തയില്ലാതെ പോവുന്നതിനു ആരെ കുറ്റം പറയണം?

Sslc റിസൾട്ട്‌ വരാനിരിക്കുന്നു

നല്ല മാർക്ക്‌ വാങ്ങിയവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

ദയവു ചെയ്ത്… പരീക്ഷ എഴുതിയ കുട്ടികളെ A+ കളുടെ എണ്ണം കൊണ്ട് അളക്കാൻ നിക്കരുത്.
അക്കാദമിക മികവാണ് ഏറ്റവും മികച്ചതെന്നുള്ള മിഥ്യ ധാരണ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായതിന്റെ പോരായ്മായാണ്.
ഇനിയും നമ്മൾ പരിഷ്കരിക്കാനോ അതിനെ പറ്റി ചിന്തിക്കുവാനോ മെനക്കെടുന്നില്ല.
ചിന്തിക്കേണ്ടതാണ്

എപിജെ പറയുന്നു :

The purpose of education is to develop students as autonomous learners

സ്വയം പഠിക്കാനും അറിവ് നേടാനും അത് മനസ്സിലാക്കി ജീവിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്നതായിരിക്കുണം വിദ്യാഭ്യാസം

( ഞാനും പഠിച്ചുകൊണ്ടിരിക്കുന്നു)

Create your website with WordPress.com
Get started